Sunday, October 12, 2014

നമ്മുടെയൊക്കെ ചെറുപ്പത്തില്‍ ഒരു മുടക്കുമുതലുമില്ലാതെ സ്വന്തമായി പത്തുപൈസ കയ്യില്‍ എടുക്കാനുണ്ടാവുന്നത് ഒരേയൊരു ബിസിനസ്സില്‍ക്കൂടിയാണ്....... അതെന്താണെന്ന് ഞാനൊന്നുറക്കെ ചോദിച്ചാല്‍ എല്ലാരും ഒരേസ്വരത്തില്‍ "പറങ്ങാണ്ടി" എന്നു പറയും.....

എന്‍റെ വീടിന്‍റെ പടിഞ്ഞാറു ഭാഗത്തായി പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന രണ്ടു പറങ്കിമാവുണ്ടായിരുന്നു, സീസണായാല്‍ പിന്നെ ഓരോ അരമണിക്കൂര്‍ കൂടുമ്പോള്‍ ഇതിന്‍റെ ചെവുട്ടിലേക്കോടും
വവ്വാല് ചപ്പിയതും കാറ്റത്ത് കൊഴിഞ്ഞു വീഴുന്നതുമൊക്കെ പെറുക്കാന്‍ ....ഈ കൊഴിഞ്ഞു വീഴുന്നതു മാത്രം പെറുക്കിയാല്‍ ബിസിനസ്സ് മുന്‍പോട്ടു പോകില്ലന്നറിയാവുന്നകൊണ്ട് കല്ലു പെറുക്കിക്കൂട്ടിവെച്ച് ഏറങ്ങ് തുടങ്ങും.... ചില കല്ലുകളൊക്കെ ലക്ഷ്യം തെറ്റി ഞങ്ങടെ വീടിന്‍റെതന്നെ മേളില്‍ പോയി വീഴും ഓലപ്പുറത്ത് പുധുക്കോ ന്നുള്ള ശബ്ദം കേള്‍ക്കുമ്പോള്‍ത്തന്നെ നേരെ പടിഞ്ഞാട്ടു തന്നെ ഒരോട്ടം വെച്ചുകൊടുക്കും വീടിന്‍റെ പരിസരത്തെങ്ങും ഞാനില്ലങ്കില്‍ അപ്പോള്‍ത്തന്നെ അച്ഛന്‍ പറയും ഇവിടുത്തെ അലവലാതിതന്നെയാ അതെന്ന് ....

എന്നെക്കൂടാതെ വേറൊരലവലാതി കൂടിയുണ്ട് ഓര്‍മ്മവെച്ച കാലം മുതല്‍ അന്നുമിന്നും സകല തോന്ന്യവാസത്തിനും എനിക്കൊരു താങ്ങും തണലുമാണവന്‍ , സ്ഥിരമായി അവനും ഇവിടെ വന്നു വിളവെടുക്കാറുണ്ട് .......

എന്‍റെ രണ്ടു വീടിന്‍റെ കിഴക്കാണ് ഈ പറങ്കിമാവുകളുടെ ഉടമസ്ഥന്‍റെ വീട്, രണ്ടാഴ്ച്ച കൂടുമ്പോള്‍ ഞങ്ങളേക്കൊണ്ടു തീരെയൊക്കാത്ത വിളവെടുക്കാനായി അവിടുത്തെ പണിക്കാരന്‍ കൊച്ചാട്ടന്‍ ഒരു തോട്ടിയും ചാക്കുമായി എത്തും, അപ്പോഴും ഞങ്ങള്‍ രണ്ടലവലാതികളും പുള്ളിക്കൊരു താങ്ങായി ഒരു കൈസഹായത്തിന് ഒപ്പം കൂടും ,കൊച്ചാട്ടന്‍ മേളീന്നു പറിച്ചിടുന്ന പറങ്ങാണ്ടി മൊത്തം ഇറുത്തെടുത്ത് ചാക്കില്‍ ഇട്ടുകൊടുക്കും, എന്നിട്ട് പറങ്ങാപ്പഴം തിന്നാന്‍ വരുന്നതാണെന്ന് കാണിച്ച് ചപ്പിയൂറിക്കൊണ്ട് മേലോട്ടോന്നു നോക്കും ,എന്തോ ഒരു വിശ്വാസക്കേടുള്ളതു പോലെ കൊച്ചാട്ടന്‍ ഇടയ്ക്കിടയ്ക്ക് താഴോട്ടു നോക്കുമെങ്കിലും തോട്ടിയിട്ടു പിടിക്കുന്ന ഗ്യാപ്പില്‍ ചാക്കീന്ന്‍ ഒരോ കുത്തുവാരി തെക്കേ പറമ്പിലോട്ടെറിയും,

ഒന്നിച്ചു നടത്താറുള്ള ഓപ്പറേഷനില്‍ കിട്ടുന്നതിന്‍റെ പാതി എന്നാണ് എഗ്രിമെന്‍റ്..

ഒടുവില്‍ രണ്ടു പറങ്കാവേലും കേറി കൊച്ചാട്ടന്‍ അവശനായി താഴെയെ ത്തിയിട്ട് മൊത്തത്തില്‍ നടന്ന് കരിയില തട്ടിത്തെറിപ്പിച്ച് ഒരു ഫൈനല്‍ സെര്‍ച്ചിംഗ് ഉണ്ട്, എല്ലാം ചാക്കിലാക്കിക്കൊടുത്ത സന്തോഷംകൊണ്ട് ഞങ്ങളെയൊന്നു നോക്കും, അപ്പോഴും ഞങ്ങള്‍ ഡീസെന്‍റില്‍ പഴം തിന്നു കാണിച്ചോണ്ടു നില്‍ക്കും ഇറുകണ്ണിട്ടോണ്ട് കൊച്ചാട്ടന്‍ ഞങ്ങടെ നിക്കറിന്‍റെ പോക്കറ്റ്‌ വീര്‍ത്തു നില്‍ക്കുന്നോ എന്ന് നോക്കും .....ഒടുവില്‍ സത്യസന്ധന്മാര്‍ക്ക് പത്തു പറങ്ങാണ്ടി വീതം കയ്യില്‍ തരുമ്പോള്‍ ഓ........ വേണ്ടരുന്നെന്നും പറഞ്ഞ് അതു വാങ്ങിച്ചു പോക്കെറ്റിലേക്കിടും ,ചാക്കിന്‍റെ കെട്ടെടുത്തു സൈക്കിളേല്‍ വെക്കാന്‍ സഹായിക്കുമ്പോള്‍ ഇനിയെന്നാ പറിക്കാന്‍ വരുന്നേന്നു ചോദിച്ചാല്‍ അടുത്തേന്‍റങ്ങേ ഞായറാഴ്ച വരാമെന്നു കൊച്ചാട്ടന്‍ പറയും .......

ഞങ്ങളും പറയും അപ്പോള്‍, ആ .....ഞങ്ങള്‍ക്ക് പഠിത്തമില്ലാത്ത ദിവസം വരുന്നതാ നല്ലത് .....

കൊച്ചാട്ടന്‍ സൈക്കിളുമുരുട്ടി പൊയ്ക്കഴിഞ്ഞ് പോക്കറ്റില്‍ കരുതിയ കവറിങ്ങെടുക്കും വെപ്രാളത്തില്‍ തെക്കേ പറമ്പില്‍ പല ഭാഗത്തായി വാരിയെറിഞ്ഞ പറങ്ങാണ്ടി മൊത്തം പെറുക്കിക്കൂട്ടും.....എന്നിട്ട് തുല്ല്യമായി വീതംവെച്ച് വീട്ടിലേക്കുപോകും

എന്തിനേറെപ്പറയണം ഒരു മരണവീട്ടില്‍ ചെന്നാലും അവിടുത്തെ പറങ്കാവേലെറിയാതെ ഞങ്ങള്‍ക്കുറക്കംവരില്ല, റേഷന്‍കടേല്‍ പോയാലും,പാലുവാങ്ങാന്‍ പോയാലും ഒരു കല്ല്യാണത്തിനു പോയാല്‍ക്കൂടി പോക്കെറ്റു നിറച്ചു പറങ്ങാണ്ടീം കൊണ്ടേ ഞാന്‍ വീട്ടിലെത്തൂ......

പറങ്ങാണ്ടി ഇട്ടുവെക്കാന്‍ അന്നൊരു തകരപ്പാട്ടയുണ്ടാരുന്നു എനിക്ക്, ഓരോ പ്രാവശ്യോം പറങ്ങാണ്ടി കൊണ്ടിടുമ്പോള്‍ പാട്ട കമഴ്ത്തിയിട്ട്‌ എല്ലാംകൂടെ ഒന്നെണ്ണിനോക്കും അതൊരു സുഖമാണ് ,അന്ന്യന്‍റെ പറങ്ങാണ്ടി എണ്ണിനോക്കുമ്പോള്‍ കിട്ടുന്ന ഒരു പ്രത്യേകസുഖം .......

പറങ്ങാണ്ടീടെ വില കൂടീം കുറഞ്ഞുമിരിക്കും വല്ല്യ കുഴപ്പമില്ലാത്ത വിലനിലവാരമാണെന്നു കണ്ടാല്‍ പറങ്ങാണ്ടി തലേന്ന് വെള്ളത്തിലിട്ടു വെക്കും ,ഒന്ന് കുതിര്‍ന്നാല്‍ കുറച്ചൂടെ തൂക്കംവരാനുള്ള കുരുട്ടുബുദ്ധിയാണിത്,വെള്ളത്തിലിട്ടാല്‍ പിറ്റേന്നുതന്നെ വിറ്റോണം ഇല്ലങ്കില്‍ പൂത്തുപോകും അതുകൊണ്ട് പിറ്റേന്ന് രാവിലെ ഒരു തുണിയെടുത്ത് ഓരോ പറങ്ങാണ്ടീം തുടച്ചു സുന്ദരക്കുട്ടപ്പനാക്കി കവറിലേക്കു പെറുക്കിയിടും .......അങ്ങനെ ഞങ്ങള് രണ്ടാലവലാതികളും കൂടി വീട്ടിലാരുമറിയാതെ നേരെ ചന്തക്ക് ......

സ്വന്തം കാലില്‍നിന്ന് പത്തു പൈസ ഉണ്ടാക്കിയ സുഖം അതും ഒറ്റക്കാലില്‍ .....(എറിയുമ്പോള്‍ സംഭവിക്കുന്ന കാലിന്‍റെ പോക്കാണ് ഉദ്ദേശിച്ചത്) ബേക്കറികളില്‍ അന്നു നമ്മളെ കൊതിപ്പിച്ച അവല്‍ബന്നും ചെറിപ്പഴവും ലഡുവും ജിലേബിയും ചായക്കടയിലെ കണ്ണാടിയലമാരയില്‍ കൊതിപ്പിച്ച കേക്കും നെയ്യപ്പവും ബോണ്ടയുമൊക്കെ വാങ്ങി വഴിനീളെത്തിന്നോണ്ട് തിരിച്ചു വീട്ടിലേക്കു നടന്നുപോയ ഒരു കാലം ................

"ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി"

പണ്ടത്തെ പള്ളിക്കൂടം കഥകള്‍ ഇന്നോര്‍ക്കുമ്പോള്‍ തമാശകളും ഭയവും ജനിപ്പിക്കുന്ന ഓര്‍മ്മകളുണ്ട് ഈ ഭയം എന്നുദ്ദേശിച്ചത് മറ്റൊന്നുമല്ല അന്നത്തെ നമ്മുടെ ട്യൂഷന്‍ സെന്‍ററുകളെയാണ് ....നമ്മുടെയൊക്കെ കാര്യത്തില്‍ പ്രത്യേക പരിഗണന തന്നെയായിരുന്നു അവിടുത്തെ സാറുമ്മാര്‍ക്ക് ... പ്രത്യേകിച്ച് എന്‍റെ കാര്യത്തില്‍
കാരണം എന്‍റെ ട്യൂഷന്‍ പള്ളിക്കൂടത്തിന്‍റെ പ്രിന്‍സിപ്പാളിന്‍റെ അയല്‍വാസിയായിരുന്നു ഞാന്‍ ,അതുകൊണ്ടുതന്നെ എടുത്തിട്ടു ചളുക്കാനായി സാറ് പിടിച്ചെണീപ്പിക്കുമ്പോള്‍ പറയും ഒരാപത്തു വന്നാല്‍ ഓടിവരാനുള്ള ചെറുക്കാനാ ...നീ ഇങ്ങോട്ടിങ്ങു നീട്ട്....അങ്ങനെ അങ്ങോട്ട്‌ നീട്ടുന്ന കൈ ഒന്നിനും കൊള്ളാതാക്കി തിരിച്ചിങ്ങോട്ട് തരുമ്പോള്‍ എങ്ങോട്ടെങ്കിലുമങ്ങു പോയാലോന്ന് ചിന്തിച്ചിട്ടുണ്ട്....
ഏറ്റവും കൂടുതല്‍ ഭയവും ബഹുമാനവും കൊടുത്തതും ഈ സാറിനുതന്നെയായിരുന്നു ഞാന്‍ ....
അന്ന് വടികൊടുത്തടി വാങ്ങിക്കുന്ന ഒരുത്തനുണ്ട് ക്ലാസ്സില്‍ ,അവന്‍റെ വീടിന്‍റെ വടക്കുവശത്ത് ഒരു കുരിയാലയും അതിനെ വിഴുങ്ങാന്‍ നില്‍ക്കുന്നപോലെ ഒരു ചൂരല്‍ക്കാടുമുണ്ട് .... അതിനകത്തവന്‍ വലിഞ്ഞുകേറി ചൂരമുള്ളും കൊണ്ട് ചൊറുതനോമാട്ടി കഷ്ട്ടപ്പെട്ട് വിളഞ്ഞ ചൂരല്‍ വെട്ടിയെടുത്ത് അതിന്‍റെ മുള്ളും കളഞ്ഞ് കഷണങ്ങളാക്കി മഞ്ഞളും തേച്ചു കുട്ടപ്പനാക്കി അവനങ്ങ്‌ കൊണ്ടുവരും .....എന്നിട്ട് അതുകൊണ്ടുതന്നെ കൂലീം വാങ്ങിച്ച് എവിടേലും പോയിരുന്നു മോങ്ങുന്നതും കാണാം .....നമ്മള് കരുതും ഇതോടുകൂടി അവന്‍റെ ചൂരല്‍ വേട്ട അവസാനിച്ചെന്ന്......എവിടുന്ന്....... തല്ലുകൊണ്ടാലും ഇത് കൊണ്ടുചെല്ലുമ്പോള്‍ സാറിന്‍റെ മുഖത്തെ ആ സംതൃപ്തിയാണ് അവനെ വീണ്ടും ചൂരല്‍ക്കാട്ടിലേക്ക് കയറ്റുന്നത്
ഒരിക്കല്‍ സാറ് ഒരു ടെസ്റ്റ്‌ പേപ്പര്‍ നടത്തി, മാര്‍ക്കില്‍ മിനിമം യോഗ്യത കാണിക്കാത്തവര്‍ക്കായി ഒരു സദ്യ തന്നെയൊരുക്കാന്‍ തീരുമാനിച്ചു....
പരീക്ഷക്ക്‌ പൊയില്ലങ്കില്‍ പിന്നീടു ചെല്ലുമ്പോള്‍ ഓഫീസ്മുറിയില്‍ ഇരുത്തി ഒറ്റയ്ക്കു ടെസ്റ്റടിപ്പിക്കുമെന്ന ഉറപ്പുള്ളതുകൊണ്ട് എല്ലാവരും ഹാജരായിരുന്നു...ഇതാകുമ്പോള്‍ ഇറുകണ്ണിട്ടു വല്ലവന്റേം പേപ്പറിലെങ്കിലും നോക്കാം .....പരീക്ഷ കഴിഞ്ഞു പേപ്പര്‍ വാങ്ങി മടക്കി കക്ഷത്തിലൊതുക്കി സാറു പോകുമ്പോള്‍ ഒരു കാര്യം ഓര്‍മ്മിപ്പിച്ചു ജയിക്കുമെന്നുറപ്പില്ലാത്തവര്‍ ചന്തിക്കൊരു പാളേംകൂടി വെച്ചുകെട്ടി വേണം അടുത്ത ക്ലാസ്സില്‍ വരാന്‍.... ഇത് കേട്ടപ്പോള്‍ തന്നെ ഒരു പാള ഡിസൈന്‍ ചെയ്യുന്നതിനേപ്പറ്റി ഞാനും കണക്കുകൂട്ടി ....നല്ലയൊരു പാള വേണോങ്കിലും സാറിന്‍റെ പറമ്പില്‍ തന്നെ പോകണം .....
അങ്ങനെ ഒടുവില്‍ ഞങ്ങള്‍ ഭയപ്പെട്ട ആ ദിവസം ആഗതമായി ...പെണ്‍ പിള്ളാരൊക്കെ കണ്ണ് തുടയ്ക്കാന്‍ അന്ന് തൂവാല മാറ്റി തോര്‍ത്താക്കി ,ഞങ്ങളൊക്കെ ചാക്കുനിക്കറും അതിന്റെ മുകളില്‍ രണ്ടു പാന്റ്സും .....മറ്റവന്‍ വെട്ടിക്കൊണ്ടുക്കൊടുത്ത കരിനീലക്കളറിലുള്ള രണ്ടു ചൂരലും കക്ഷത്തില്‍ പേപ്പറുമായി സാര്‍ ക്ലാസ്സിലേക്കു കടന്നുവന്നു ....ഈ സമയം ഒരു കൊടുംകാറ്റോ ചുഴലിയോ ഉണ്ടായി നാടുതന്നെ നശിച്ചാലും വേണ്ടില്ല ഇവിടുന്നിറങ്ങി ഓടുന്നതാ വല്ല്യ കാര്യം എന്ന് പ്രാര്‍ത്ഥിച്ചു....
സാര്‍ ഓരോരുത്തരുടെ പേപ്പറുകള്‍ പേര് വിളിച്ചു കൊടുക്കുകയാണ് ,ഒറ്റസംഖ്യ സ്കോര്‍ ചെയ്തവര്‍, മിനിമം യോഗ്യത കഷ്ട്ടിച്ചു കടന്നവര്‍
അങ്ങേയറ്റത്തെ മാര്‍ക്കുവാങ്ങിയ പഠിപ്പിസ്റ്റുകള്‍ അങ്ങനെ സാറിന്‍റെ കയ്യിലെ പേപ്പറെല്ലാം തീര്‍ന്നു ........
"നീ പരീക്ഷ എഴുതിയില്ല്യോടാ " ചോദ്യം എന്നോടാണ് .....ചാടിയെണീറ്റൊണ്ട് ഞാന്‍ പറഞ്ഞു ......"എഴുതി...എന്‍റെ പേപ്പര്‍ കിട്ടിയില്ല സാറെ ......
ആ ...അത് പറയിപ്പിക്കാനാ ഇന്ന് രണ്ടുവടി എടുക്കാമെന്നു വിചാരിച്ചത് ....നീ പിറകിലോട്ടിങ്ങുവാ .....ഒന്നാം പാന്‍റും രണ്ടാം പാന്‍റും സാറഴിപ്പിച്ചു വെച്ചു , പിന്നെയൊന്നും എനിക്കോര്‍മ്മയില്ലാരുന്നു ,കുറച്ചു വെടീം പൊകേം മാത്രം ഒരിടത്തുതന്നെ മുന്നാലടി കൊള്ളുമ്പോള്‍ കിട്ടുന്ന സുഖം നാടുമൊത്തം ഞാനറിയിച്ചു ....ഒടുവില്‍ കുറ്റസമ്മതവും .......
സാറിന്‍റെ വീട്ടിലെ ഷെല്‍ഫില്‍ ഇരുന്ന എന്‍റെ പേപ്പറും സംശയം തോന്നാതിരിക്കാന്‍ മൂന്നാലുപേരുടെ പേപ്പറുമെടുത്ത് കത്തിച്ചുകളഞ്ഞെന്‍റെ സാറേ .............ഇനി ആവര്‍ത്തിക്കില്ല സാറേ..........
അടിയേക്കാള്‍ വേദനിപ്പിച്ചത് മറ്റൊന്നായിരുന്നു ..........ഒറ്റ സംഖ്യ സ്കോര്‍ ചെയ്ത് സദ്യ കാത്തിരുന്നവരെ സാറൊന്നു നുള്ളി നോവിച്ചതുപൊലുമില്ല അന്ന് .........
അവിടെക്കൊണ്ടും ഒന്നുമവസാനിച്ചില്ല ....നേരെ വീട്ടില്‍ വന്നു ,സാറിനു ഫില്ല് ചെയ്യാന്‍ പറ്റാഞ്ഞ തൊലിപ്പുറം വീട്ടീന്നു കംപ്ലീറ്റും ചെയ്തുതന്നു
ബാലരമയും പൂമ്പാറ്റയും ബാലമംഗളവും ബോബനും മോളിയുമൊക്കെ നമ്മുടെ ബാല്ല്യത്തെ ആനന്ദപുളകിതരാക്കിയ പുസ്തകങ്ങളായിരുന്നു ,ഇതിനുവേണ്ടി നെട്ടോട്ടമോടിയ ഒരു കാലം
എന്‍റെ അയലത്തൊരു കൂട്ടുകാരനുണ്ട്,
ഈ പുസ്തകങ്ങളുടെയൊക്കെ കലവറതന്നെയായിരുന്നു അവന്‍റെ വീട് , അവന്‍ വായിച്ചുതള്ളി അടുക്കി വെച്ചിരിക്കുന്ന ചിത്രകഥകളൊക്കെ കെട്ടോടു കൂടി കൊണ്ടുവന്ന് അവന്‍റെ കാളത്തിണ്ണയ്ക്ക് കൊണ്ടുവെച്ച് ഒരറ്റത്തൂന്നു തുടങ്ങും വായന ...
അന്നൊരു പത്രക്കാരന്‍ ഉണ്ടാരുന്നു.... കുറുപ്പേട്ടന്‍ , പുള്ളിക്കാരനാണ് അന്ന് ഞങ്ങളുടെ നാട്ടിലെ ഏക പത്രക്കാരന്‍.......
ഒരു ദിവസം ഞാന്‍ രാവിലെ ചിത്രകഥ വായിക്കാന്‍ അവന്‍റെ വീട്ടിലേക്കു പോകുന്നവഴി , ഡാ.... മോനെ, നീ അങ്ങോട്ടാണെങ്കില്‍ ഇതൂടങ്ങ്‌ കൊടുത്തേരേന്നുംപറഞ്ഞു പത്രം കറക്കി കയ്യിലേക്കെറിഞ്ഞു തന്നിട്ട് സൈക്കിള് വട്ടംവളച്ച് കുറുപ്പേട്ടന്‍ അടുത്ത വീട്ടിലേക്കു വെച്ചുപിടിച്ചു....ചേതമില്ലാത്ത ഒരുപകാരം... ആയിക്കൊട്ടെന്നു ഞാനും പറഞ്ഞു ... പോകുംവഴി പത്രമൊന്നു നിവര്‍ത്തിയതും അതിനിടയില്‍ ഈ ലക്കത്തിലെ ബാലമംഗളവുമുണ്ട് ,പത്രം കക്ഷത്തിലോട്ടു വെച്ചു ബാലമംഗളത്തിന്‍റെ പേജുകള്‍ മറിച്ചുനോക്കി സാവധാനം നീങ്ങി .....നടുക്കത്തെ പേജെത്തിയപ്പോള്‍ പെട്ടന്നുതന്നെ പട്ടി വട്ടം ചാടുമ്പോള്‍ വണ്ടി സഡന്‍ബ്രേക്ക്‌ ഇട്ടതുപോലെ ഞാന്‍ ഒന്ന് നിന്നു.....മഷിമണം പോലും മറാത്ത നെയിംസ്ലിപ്പുകള്‍
ഒരു നിമിഷം നിന്നു, പിന്നൊന്നുമങ്ങോട്ട് ആലോചിക്കാന്‍ പോയില്ല ,ടക് ടക് എന്നൊരു ശബ്ദത്തോടെ അത് പറിച്ചെടുത്തു മടക്കി നിക്കറിന്‍റെ പോക്കറ്റില്‍ കേറ്റി....
ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ .......ന്നാ ...ഇന്നത്തെ പത്രവാ,ബലമംഗളോമുണ്ട് ,ഇത്രേം പറഞ്ഞിട്ടങ്ങോട്ടു കൊടുത്തിട്ട് ശരം വിട്ടതുപോലെ വീട്ടിലേക്കോടി ...
അടുക്കളേല്‍ കേറി പഴങ്കഞ്ഞിക്കലത്തില്‍ കയ്യിട്ട് കുറച്ചു ചോറുമെടുത്ത് ആരുംകാണാതെ നെയിംസ്ലിപ്പുകള്‍ എല്ലാം എന്‍റെ ബുക്കിന്‍റെയും പുസ്തകത്തിന്‍റെയും ഒന്നാം പേജില്‍ തന്നെ ഒട്ടിച്ചു .....കുത്തിയിരുന്ന് പേരും സ്റ്റാന്‍ഡേര്‍ഡും ഡിവിഷനുമൊക്കെ പൂരിപ്പിക്കുന്നതിനിടയില്‍ ദൂരെനിന്നും വലിയ വായില്‍ ഒരു വിളിച്ചുകൂവല്‍......പെതുക്കെ മുറ്റത്തേക്കിറങ്ങി നോക്കി നെയിംസ്ലിപ്പിന്‍റെ മുതലാളിയാണ്.....കയ്യില്‍ ബാലമംഗളവും പിടിച്ചോണ്ട് കച്ചേരി നടത്തിയുള്ള വരവാണ് .....ഇന്ന് പണി പാളുമെന്നു മനസ്സിലാക്കി ഓടാനൊരു ശ്രമം നടത്തി , ലവന്‍റെ വരവും എസ്കേപ്പാനുള്ള എന്‍റെ ശ്രമവും കണ്ട് പന്തികേടുതോന്നിയ അച്ഛന്‍ ഒറ്റച്ചാട്ടത്തിന് എന്നെ അറസ്റ്റു ചെയ്തവിടെനിര്‍ത്തി ......
ബാലമംഗളത്തിലെ പുറംപേജിലെ സമ്മാനപ്പരസ്സ്യവും അകത്തെ ശൂന്യതയും അവന്‍ മാറ്റി മാറ്റി അച്ഛനെ കാണിച്ചുകൊണ്ട് നാലാം കട്ടയ്ക്ക് കച്ചേരി തകര്‍ക്കുകയാണ്.....
പിടി വിട്ടാല്‍ ഓടുമെന്നറിയാം അതുകൊണ്ടുതന്നെ എനിക്കുള്ള പേരമരത്തിലെ കമ്പൊടിക്കാനായി അച്ഛന്‍ ഒരുകയ്യില്‍ എന്നെയും കൂട്ടി..........തല്ലുകൊണ്ടോണ്ടുള്ള എന്‍റെ കരച്ചിലും നെയിംസ്ലിപ് പോയ അവന്‍റെ കരച്ചിലും കൂടി ഹിസ്‌ ഹൈനസ് അബ്ദുള്ളയിലെ ലാലേട്ടന്‍റെയും കൈതപ്രത്തിന്‍റെയും മത്സരക്കച്ചേരിപോലെ നടക്കുകയാണ് .......
ഒടുവില്‍ , നെയിംസ്ലിപ്പുകളെല്ലാം ശുഷ്ക്കാന്തിയോടെ ഒട്ടിച്ചു പെരുമെഴുതിയ നഗ്നസത്യം ഞാന്‍ വിളിച്ചു പറഞ്ഞതും അവന്‍റെ കച്ചേരി എട്ടാം കട്ടയിലേക്ക് പോയി
നെയിംസ്ലിപ്പോടുകൂടി പുതിയ ബാലമംഗളം അച്ഛന്‍ ഓഫര്‍ ചെയ്തപ്പോള്‍ അവന്‍റെ കച്ചേരി ഒന്നാം കട്ടയിലേക്കു വന്നു .....
ഒട്ടിച്ചു പേരെഴുതിനിറച്ച നെയിംസ്ലിപ്പുകള്‍ മൊത്തം അച്ഛനെക്കൊണ്ട്‌ കീറിക്കളയിച്ചതിനുശേഷം കച്ചേരി കീര്‍ത്തനം പാടിയവസനിപ്പിച്ച് അവന്‍ വീട്ടിലേക്കു പോകുമ്പോള്‍ എന്‍റെ കച്ചേരി എട്ടാം കട്ടയ്ക്ക് തകര്‍ത്തുകൊണ്ടേയിരുന്നു ........